ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്‍റെ പേര് മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്ന് പുനർനാമകരണം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ടു ചെയ്തു. വിഷയത്തിൽ സര്‍ക്കാര്‍ വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. സെപ്തംബർ 18 മുതല്‍ 22 വരെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം. ഔദ്യോഗിക പ്രമേയത്തിലൂടെ പേരുമാറ്റം സാധ്യമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ജി20 നേതാക്കൾക്ക് സെപ്തംബർ ഒമ്പതിന് രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ ‘പ്രസിഡണ്ട് ഓഫ് ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പ്രസിഡണ്ട് ഓഫ് ഇന്ത്യ എന്നാണ് ഇതുവരെ രാഷ്ട്രപതിയുടെ ഔദ്യോഗിക രേഖകളിൽ ഉണ്ടായിരുന്നത്. ഭരണഘടനയുടെ ഒന്നാം ആർട്ടിക്കിളാണ് രാജ്യത്തിന്റെ പേരിനെ കുറിച്ച് പരാമർശിക്കുന്നത്. പേരുമാറ്റം സാധ്യമാകണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.