പട്ന ∙ ജന അധികാർ പാർട്ടി നേതാവ് പപ്പു യാദവ് നവംബർ ആദ്യവാരം കോൺഗ്രസിൽ ചേരും. ജന അധികാർ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാനാണു തീരുമാനം. ലയന ഉപാധികൾ സംബന്ധിച്ചു പപ്പു യാദവും കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി ഏകദേശ ധാരണയിലെത്തി. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പപ്പു യാദവ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
പപ്പു യാദവിന്റെ ഭാര്യ രഞ്ജിത് രഞ്ജൻ കോൺഗ്രസ് മുൻ എംപിയും എഐസിസി സെക്രട്ടറിയുമാണ്. ബിഹാറിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പദ്ധതിയുടെ ഭാഗമായാണു മറ്റു പാർട്ടികളിൽനിന്നുള്ള നേതാക്കളെ ചാക്കിടുന്നത്. സിപിഐ യുവനേതാവ് കനയ്യ കുമാറിനെ അടുത്തിടെ കോൺഗ്രസിലെത്തിച്ചിരുന്നു
ബിഹാറിലെ കോൺഗ്രസ് നേതൃനിരയിൽ യാദവ സമുദായത്തിൽ നിന്നുള്ളവരില്ലെന്ന കുറവു നികത്താനാണ് പപ്പുവിലൂടെ ലക്ഷ്യമിടുന്നത്. ആർജെഡിയിൽനിന്നു പുറത്താക്കപ്പെട്ടതിനു ശേഷമാണ് 2015ൽ പപ്പു ജന അധികാർ പാർട്ടി രൂപീകരിച്ചത്. അഞ്ചു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട പപ്പുവിനു ആർജെഡി വിട്ട ശേഷം തിരഞ്ഞെടുപ്പു വിജയമുണ്ടായിട്ടില്ല