കുട്ടികൾക്ക് എന്തിനും ഏതിനും മാതാപിതാക്കൾ മൊബൈൽ ഫോൺ കൊടുക്കുന്നത് ഈയിടെയായി കാണുന്ന പ്രവണതയാണ്. കുട്ടിയെ ഉറക്കാനും ഭക്ഷണം കഴിപ്പിക്കാനും അടക്കിയിരുത്താനുമെല്ലാം കൂട്ടുപിടിയ്ക്കുന്നത് മൊബൈൽഫോണിനെയാണ്. എന്നാൽ ഈ മൊബൈൽ ഉപയോഗം കുട്ടികളെ എത്രമാത്രം ബാധിക്കുന്നുവെന്ന് ഡോക്ടർ മുഹമ്മദ് ജസീലിന്റെ ഈ വിഡിയോ വ്യക്തമാക്കുന്നു.
മൊബൈൽഫോണിന്റെ ഉപയോഗം കുട്ടികളിൽ ഇത്ര തീവ്രമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന ഈ അറിവ് ഞെട്ടിക്കുന്നതു തന്നെയാണ്. ഇവയുടെ അമിത ഉപയോഗം മൂലം കുട്ടികളിൽ എ ഡി എച്ച് ഡി, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങി ബ്ളഡ് കാൻസർ വരെ ഉണ്ടാകാൻ കാരണമാകുന്നുവെന്ന് ഡോക്ടർ പറയുന്നു.
മുതിർന്നവരെക്കാൾ കുട്ടികളെ ഇത് സാരമായിത്തന്നെ ബാധിക്കുന്നു. കുട്ടികളുടെ ത്വക്കു മുതൽ ഓരോ അവയവങ്ങളും വളർച്ചയെത്താത്തതാണ്. അതുകൊണ്ടുതന്നെ വളർച്ചയുടെ ഘട്ടത്തിൽ ഇവയുടെ റേഡിയേഷൻ ഓരോ അവയവത്തേയും ബാധിക്കുന്നുവെന്നും ഡോക്ടർ ജസീൽ പറയുന്നു. ഇവയിൽ നിന്നു വരുന്ന ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയേഷൻ മുതിർന്നവരേക്കൾ രണ്ട് ഇരട്ടിയിലധികം വേഗത്തിൽ കുട്ടികളെ ദോഷകരമായി ബാധിക്കുന്നു
കുട്ടികളുടെ തലച്ചോറിന്റെ കട്ടിക്കുറവും തലച്ചോറിലെ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നതും കുട്ടികളിൽ ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നു. ഹൈപ്പർ ആക്റ്റിവിറ്റി പ്രശ്നങ്ങൾ കുട്ടികളിൽ കൂടിവരുന്നതിന് പിന്നിലും മൊബൈൽഫോണിന്റെ ഉപയോഗത്തിന് കുറവല്ലാത്ത പങ്കുണ്ട്.