ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലെ രണ്ട് ഘട്ടത്തിലേയും തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മികച്ച വിജയം സ്വന്തമാക്കി കോണ്‍ഗ്രസ്. 2015ല്‍ ഒരു മേയര്‍ പോലും ഇല്ലാതിരുന്ന സ്ഥാനത്ത് 16ല്‍ അഞ്ച് മേയര്‍ സ്ഥാനങ്ങളാണ് 2022ല്‍ കോണ്‍ഗ്രസ് നേടിയിരുന്നത്. മധ്യപ്രദേശില്‍ ആദ്യമായാണ് കോണ്‍ഗ്രസ് അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ വിജയ് നേടിയത്. മൂന്ന് കോര്പ്പറേഷനിലുകളിലെ വിജയമാണ് കോണ്‍ഗ്രസിന് നേരത്തെ ഉണ്ടായിരുന്ന മികച്ച വിജയം. 2009 മുതലാണ് മധ്യപ്രദേശില്‍ ഇന്നത്തെ നിലയില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇത്തവണത്തെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ 16ല്‍ ഒമ്പതിടത്താണ് ബിജെപി വിജയം സ്വന്തമാക്കിയത്. ബുര്‍ഹാന്‍പൂര്‍, കാണ്ട്വ, സത്ന, സാഗര്‍, ഉജ്ജൈന്‍, ഭോപ്പാല്‍, ഇന്‍ഡോര്‍, രത്ലം, ദേവാസ് എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചത്. ജബല്‍പൂര്‍, ചിന്ദ്വാര, ഗ്വാളിയോര്‍, രേവ, മൊറേന എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചു. സിംഗ്റൗളിയില് ആം ആദ്മി പാര്‍ട്ടിയും കട്നിയില്‍ ബിജെപി വിമതനായ പ്രീതി സൂരിയുമാണ് ജയിച്ചത്.
ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് പോലും പേരുയര്‍ന്ന് കേട്ടിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ മധ്യപ്രദേശില്‍ ബാധിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. സിന്ധ്യയുടെ ശക്തികേന്ദ്രമായ ഗ്വാളിയോറില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. 57 വര്‍ഷത്തിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് ഇവിടെ വിജയിച്ചത്. സിന്ധ്യയുടെ ശക്തികേന്ദ്രത്തിന് പുറമേ ഗ്വാളിയോറും മൊറേനയും ആര്‍എസ്എസിന്റെ കോട്ടയാണ്.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ തന്നെ മത്സരരംഗത്തിറക്കിയാണ് കോണ്‍ഗ്രസ് വിജയം സ്വന്തമാക്കിയത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് തന്നെ പ്രചാരണത്തിനായി രംഗത്തിറക്കിയിട്ടും കയ്യിലുണ്ടായിരുന്ന നാല് കോര്പ്പറേഷന് കൈവിട്ടത് ബിജെപിക്ക് നാണക്കേടായിട്ടുണ്ട്