വട്ട ചൊറി പരിഹാരമാർഗങ്ങൾ
തുടയിടുക്കുകളിൽ, നെഞ്ചിൽ, കക്ഷങ്ങളിൽ, ചില സമയങ്ങളിൽ മുഖത്ത്, ചെവികളിൽ, ചൊറിച്ചിലോടുകൂടി ചർമം പൊളിഞ്ഞതുപോലെ ചുവപ്പ് അല്ലെങ്കിൽ കറുത്ത നിറത്തിൽ 50 പൈസ നാണയവലുപ്പത്തിൽ ചൊറിഞ്ഞുപൊടുത്തപോലെ കാണപ്പെടുന്നു. ദിവസങ്ങൾക്കകം അത് വലുതായി വേദനയോടുകൂടി പഴുപ്പു ബാധിച്ചതായി കാണപ്പെടുന്നു.
കുറച്ചുദിവസങ്ങൾക്കകം നാണയത്തുട്ടുപോലെ കാണപ്പെടുന്ന ചൊറിഞ്ഞ് പൊടുത്ത ഭാഗത്തിന്റെ ഉൾവശം രോഗം ഭേദമായതായി കാണപ്പെടുന്നുവെങ്കിലും ചുറ്റുമുള്ള ഭാഗങ്ങളിൽ വ്യാപിക്കുന്നു. വൃത്താകൃതിയിൽ കാണുന്നതിനാൽ വട്ടച്ചൊറിയെന്നാണ് വിളിക്കുന്നത്. ഫംഗസാണ് രോഗം പടർത്തുന്നത്.
രോഗം പടരാനുള്ള കാരണങ്ങൾ
അമിതമായ വിയർപ്പ് കൂടുതൽ നേരം ഇരുന്ന് ഓഫീസ് ജോലിചെയ്യുന്നവരിലും അമിതവണ്ണമുള്ള ശരീരപ്രകൃതിയുള്ളവരിലും അമിതജോലി ചെയ്യുന്ന സ്ത്രീകളിലും ശീതീകരിച്ച ഓഫീസുകളിൽ ജോലി ചെയ്യുന്നവരിലും ഇത് കാണപ്പെടുന്നു.
ഫംഗസ്ബാധ
കുളിച്ചതിനുശേഷവും പ്രാഥമികകൃത്യം നിർവഹിച്ച ശേഷവും പരുത്തിത്തുണി ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കാതിരുന്നാൽ ഫംഗസ്ബാധ ഉണ്ടാവാം. നനവ് അവശേഷിക്കുന്ന മോതിരം, കൈകാലുകളിൽ അണിയുന്ന നൂലുകൾ എന്നിവയുടെ ഭാഗങ്ങളിൽ ഫംഗസ് ബാധിക്കാം. നനഞ്ഞ അടിവസ്ത്രങ്ങളും വസ്ത്രങ്ങളും ധരിക്കുന്നതുമൂലവും രോഗം പിടിപെടാം.
പകർച്ച
രോഗബാധിതരുടെ വസ്ത്രങ്ങൾ, ടവൽ എന്നിവ ഉപയോഗിക്കുന്നതുമൂലവും രോഗം പകരാം. രോഗബാധിതരുടെ വസ്ത്രങ്ങൾക്കൊപ്പം ബക്കറ്റിലും അലക്കുയന്ത്രത്തിലും മറ്റും മറ്റുള്ളവരുടെ വസ്ത്രങ്ങൾ ഇടുന്നതുമൂലവും ഒരുമിച്ച് വസ്ത്രങ്ങൾ ഉണങ്ങാനിടുന്നത് മൂലവും രോഗ വ്യാപിക്കാം. പുതിയ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുന്നതുമൂലവും രോഗം ബാധിക്കാനിടയുണ്ട്.
വട്ടച്ചൊറി ലൈംഗികരോഗമല്ല
വട്ടച്ചൊറി ലൈംഗികരോഗമല്ല. അത് ത്വക്ക് രോഗ മാത്രമാണ്. ആരംഭകാലത്ത് ചികിത്സ തേടിയാൽ ഫംഗസ് രോഗം ഭേദപ്പെടും. പലപ്പോഴും ഗുളിക ഉൾപ്പെടെ 45 ദിവസംവരെ നീണ്ട ചികിത്സ ആവശ്യമാണ്. മരുന്ന് കഴിക്കുമ്പോൾ സ്ത്രീകൾ ഗർഭം ധരിക്കാതിരിക്കാനും ശ്രദ്ധിക്കണം. ചികിത്സ തേടുന്ന രോഗികളിൽ വയറു പുകച്ചിൽ, തലവേദന, ഉറക്കം കൂടുതലായി അനുഭവപ്പെടൽ എന്നിവ കാണപ്പെടാറുണ്ട്. എന്നാലും രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകുന്നതുവരെ ചികിത്സ തുടരണം. ചികിത്സ നിർത്തുംമുമ്പ് ഡോക്ടറെ കാണാനും മറക്കരുത്. പൂർണമായും സുഖപ്പെട്ടില്ലെങ്കിൽ രോഗം വീണ്ടും വരാൻ സാധ്യതയുണ്ട്.