ഓൺലൈൻ ഗെയിമായ റമ്മിയിലൂടെ പണം നഷ്ടപ്പെട്ടവർ ഒട്ടേറെയാണ്. ഒഴിവ് നേരങ്ങളിൽ മാത്രം ഗെയിമിനായി സമയം കണ്ടെത്തിയിരുന്നവർ കോവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ഡൗൺ ആയതോടെ മുഴുവൻ നേരവും റമ്മിക്കായി മാറ്റിവെച്ച അവസ്ഥയിലായി. ഉണ്ടായിരുന്ന ജോലി ഒഴിവാക്കി എളുപ്പവഴിയിൽ ലാഭം കൊയ്യാമെന്ന പ്രതീക്ഷയോടെ റമ്മിയിൽ മാത്രം അഭയം തേടിവരും ഉണ്ട്. ലോക്ഡൗണ്‍ കാലത്ത് 16നും 20നുമിടയിൽ പ്രായമുള്ളവരിൽ ഗെയിമിങ് ആസക്തി 30 ശതമാനം വര്‍ധിച്ചതായി ബംഗളൂരുവിലെ നിംഹാന്‍സ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
കൂടാതെ സമൂഹ മാധ്യമങ്ങൾ ഉൾപ്പടെയുള്ളവയിലൂടെ റമ്മിയുടെ പരസ്യം പ്രചരിക്കുന്നുമുണ്ട്. നടന്മാരായ പ്രകാശ് രാജും റാണ ദഗ്ഗുബാട്ടിയും റമ്മികളി പരസ്യതാരങ്ങളാണ്. നടൻ അജുവർഗീസ് റമ്മി പ്രോത്സാഹിപ്പിക്കുന്ന പരസ്യം ഫേസ്ബുക്കിൽ പങ്കുവെച്ചതും ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. പി ആറിന്റെ ഭാഗമായി മിക്ക യൂറ്റുബേഴ്സും റമ്മി പ്രൊമോട്ട് ചെയ്യാറുണ്ട്. ഇതിനായുള്ള ഒട്ടേറെ ആപ്പുകൾ പ്ലേസ്റ്റോറിലുണ്ട്. കളി തുടങ്ങേണ്ടതിന് മുൻപുള്ള നിബന്ധനകളും ആരും വായിക്കാറില്ല. അതുകൊണ്ട് തന്നെ കൗമാരക്കാർ മുതല്‍ വീട്ടമ്മമാര്‍ വരെ ഓണ്‍ലൈന്‍ ഗെയിമുകളുടെ വലയിൽ വീണു. ഓൺലൈൻ ഗെയിം കളിച്ച് 21 ലക്ഷം രൂപ നഷ്ടമായതിന്റെ മനോവിഷമത്തിലാണ് തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയും ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനുമായ വിനീത് ആത്മഹത്യ ചെയ്തത്. പണം നഷ്ടപ്പെട്ടവരിൽ സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നു. വീടുപണിക്കായി മാറ്റിവെച്ച കാശും റമ്മിക്കായി മുടക്കിയവരുണ്ട്.
കളിയിലെ എതിരാളിയെ നേരിട്ട് കാണുന്നില്ല എന്നത്കൊണ്ട് തന്നെ ചതിക്കപ്പെടാനുള്ള സാധ്യത ഇതിൽ കൂടുതലാണ്. ഓണ്‍ലൈന്‍ റമ്മിയില്‍ എതിര്‍ഭാഗത്ത് കളിക്കുന്നത് നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളും പ്രോഗ്രാമുകളുമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കളി നിയന്ത്രിക്കുന്നത് ഇവരായിരിക്കും. സ്കിൽ ഉപയോഗിച്ചുള്ള കളിയെന്നതിനാല്‍ ഓൺലൈൻ ഗെയിമുകൾക്ക് ഇതുവരെ തടയിട്ടിട്ടില്ല. വാഗ്ദാനങ്ങൾ കണ്ട് ഒരു കൈ നോക്കി കളയാം എന്ന് കരുതുമ്പോൾ ഒന്നോർക്കുക വാഗ്ദാനങ്ങൾ എന്നും വാഗ്ദാനങ്ങളായി തന്നെ നിലനിൽക്കും…..