ബഹുമാനപൂർവ്വം കേരളത്തിലെ മാധ്യമങ്ങളോട്…
ഒറ്റപ്പെട്ട ചിലർ കോൺഗ്രസ് വിട്ടു പോയത് ദിവസങ്ങളോളം നിങ്ങൾ കേരളത്തിൽ ചർച്ച ആക്കിയിരുന്നു. ചാരി നിൽക്കാൻ പോലും ഒരാൾ കൂടെയില്ലാത്ത ചിലർ പോയാൽ ഈ മഹാപ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് അന്നേ ഞങ്ങൾ പറഞ്ഞിരുന്നു. നാലുപേര് പോയാൽ നാനൂറു പേർ ഈ പാർട്ടിയിലേയ്ക്ക് വരും. കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചോരയൊഴുക്കി കെട്ടിപ്പടുത്തതാണ് ഈ രാജ്യം. ചരിത്ര ബോധമുള്ള തലമുറ ഈ പാർട്ടിക്കൊപ്പം തന്നെ അണിനിരക്കും.
ഇന്നിതാ ഔപചാരികമായി തന്നെ കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും കോൺഗ്രസിൻ്റെ വിമർശകരെയും സാക്ഷി നിർത്തി ആ കർമം ഞങ്ങൾ നിർവഹിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തിളക്കമുള്ള ഒരേടായി, വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 1000 പേർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമാവുന്നു. ഗാന്ധിയും നെഹ്‌റുവും പട്ടേലും നടന്ന വഴികളിലൂടെ, ജനാധിപത്യത്തിന്റെ മൂവർണ്ണക്കൊടി പിടിച്ച് നാടിനെ നയിക്കാൻ കോൺഗ്രസിലേയ്ക്ക് കടന്നു വന്ന എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
കോൺഗ്രസ് വിട്ടുപോയവർക്കൊന്നും ടിപി ചന്ദ്രശേഖരന്റെ ദാരുണാന്ത്യം ഉണ്ടാകില്ലെന്ന ഉറച്ച ബോധ്യം കേരളീയ പൊതുസമൂഹത്തിനുണ്ട്. ഞങ്ങളെ തള്ളിപ്പറഞ്ഞവർക്കുള്ള മറുപടിയായി “മാഷാ അള്ളാ ” സ്റ്റിക്കർ ഒട്ടിച്ച വാഹനം പുറകെ അയക്കുന്ന പ്രവണതയും ഈ പാർട്ടിയ്ക്കില്ല. കാരണം ആയുധങ്ങൾക്കല്ല, ആശയങ്ങൾക്ക് മൂർച്ച കൂട്ടി പൊരുതി വളർന്ന പ്രസ്ഥാനമാണ് കോൺഗ്രസ്.
ഈ പാർട്ടിയിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച്, പാർട്ടി ഒന്ന് തളർന്നപ്പോൾ, പാർട്ടിയെ തള്ളിപ്പറഞ്ഞു പോയ അധികാര മോഹികൾക്ക് ഞങ്ങൾ നൽകുന്ന മറുപടിയാണ് കോൺഗ്രസിന്റെ ത്രിവർണ പതാകയുമായി നിൽക്കുന്ന ഈ 1000 ചെറുപ്പക്കാർ!!
മാധ്യമങ്ങൾ ഉന്നയിക്കുന്ന ക്രിയാത്മക വിമർശനങ്ങളെ എന്നും തുറന്ന മനസ്സോടെ സ്വീകരിച്ച പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്. ഒരൊറ്റ മാധ്യമ പ്രവർത്തകനെയും “കടക്ക് പുറത്തെന്ന് ” പറഞ്ഞു ആട്ടിയോടിച്ച ചരിത്രവും ഞങ്ങളുടെ പാർട്ടിയ്ക്കില്ല.
അതുകൊണ്ടു തന്നെ, എത്ര മാത്രം പ്രാധാന്യത്തോടെ ഞങ്ങളുടെ വീഴ്ചകൾ നിങ്ങൾ ചർച്ച ആക്കിയോ, അത്രമാത്രം കാര്യഗൗരവത്തോടെ ഈ വാർത്തയും നിങ്ങൾ ജനങ്ങളിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
കെ സുധാകരൻ