വദ്ഗാം എംഎൽഎയും ദളിത് നേതാവും ആയ ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഗുജറാത്ത് ബനസ്‌കന്തയിലെ പാലൻപൂർ സർക്യൂട്ട് ഹൗസിൽ വച്ചാണ് അസം പോലീസ് സംഘം മേവാനിയെ കസ്റ്റഡിയിലെടുത്തത്.
കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ നൽകാൻ പോലീസ് ആദ്യം തയ്യാറായിരുന്നില്ല. അഹമ്മദാബാദ് വിമാനത്താവളത്തിൽ ഒരു കൂട്ടം കോൺഗ്രസ് നേതാക്കളും ജിഗ്‌നേഷിന്റെ അനുയായികളും ബഹളം വച്ചതിന് ശേഷമാണ് മേവാനിയുടെ ട്വീറ്റുകൾ ആണ് അറസ്റ്റിന് കാരണം എന്ന് പോലീസ് വെളിപ്പെടുത്തുന്നത്. അപ്പോൾ പോലും FIR കോപ്പി നൽകാൻ പോലീസ് ഒരുക്കം ആയിരുന്നില്ല.
“ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾക്കെതിരെ സമാധാനത്തിനും സൗഹാർദ്ദത്തിനും അഭ്യർത്ഥിക്കണം” എന്നായിരുന്നു ട്വീറ്റുകൾ.
അസമിലെ ഭബാനിപൂർ സ്വദേശിയായ അനുപ് കുമാർ ഡേ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണെത്രെ അസമിൽ നിന്നും പോലീസ് ഗുജറാത്തിലേക്ക് നട്ട പാതിര നേരത്ത് പറന്നു വന്നത്.
മേവാനിക്കെതിരെ സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), സെക്ഷൻ 153 (എ) (ഇരു വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തൽ), 295(എ) (ഏതെങ്കിലും മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയം നശിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക), 504 (സമാധാന ലംഘനം ഉണ്ടാക്കുക എന്ന ബോധപൂർവമായ ലക്ഷ്യത്തോടെയുള്ള അവഹേളനം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), ഐടി നിയമത്തിലെ വകുപ്പുകൾ എന്നിവയാണ് ചുമത്തിയത്.
നേരത്തെ ഗുജറാത്തിലെ കോണ്ഗ്രസ്സ് എംഎൽഎ മാർ ആയ പൂർണ്ണ വംശ്, ശൈലേഷ് പാർമർ എന്നിവർ ഗാന്ധിയുടെ ഗുജറാത്ത് ഇപ്പോൾ ഗോഡ്‌സെയുടെ ഗുജറാത്ത് ആണെന്ന് വിമർശനം ഉന്നയിച്ചത് ബിജെപി നിയമപരമായി നീങ്ങും എന്നു ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇപ്പോൾ ആസാം വഴി നീങ്ങുന്നത്. ഗുജറാത്തിൽ ഉള്ള നിയമനടപടികൾ രാഷ്ട്രീയ നഷ്ടം ആകും എന്നത് കൊണ്ടാണ് വടക്ക് കിഴക്കൻ പൊലീസിനെ ഉപയോഗിക്കുന്നത് എന്നു നിരീക്ഷിക്കപ്പെടുന്നു