ന്യൂഡല്‍ഹി: വലിയ റാലികളില്ല, പ്രധാനമന്ത്രി നരേന്ദ്രമോഡിയും മറ്റ് ബിജെപി നേതാക്കളും ആപ് അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളും വലിയ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ വലിയ പ്രഖ്യാപനങ്ങള്‍ക്കും മുതിരുന്നില്ല. ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രചരണത്തിന്റെ കാര്യമാണ് മുകളില്‍ പറഞ്ഞത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന അമ്പരപ്പിലാണ് മറ്റു കക്ഷികള്‍. എന്നാല്‍ അത് തങ്ങളുടെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഓരോ വീട്ടിലുമെത്തി ജനങ്ങളുടെ പിന്തുണ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ തന്ത്രം. അതാണ് നടപ്പിലാക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് വിശദീകരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി്ക്ക് അധികാരം നഷ്ടപ്പെടുമോയെന്ന് ഭയപ്പെടുത്തുന്ന തരത്തിലേക്ക് കോണ്‍ഗ്രസ് പ്രകടനം നടന്നിരുന്നു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഴുവന്‍ ശക്തിയുമെടുത്താണ് പോരാടുന്നതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് രഘു ശര്‍മ്മ പറഞ്ഞു. മാസങ്ങളായി തെരുവിലും മുക്കിലും മൂലയിലും കോണ്‍ഗ്രസ് പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. 182 അംഗ നിയമസഭയില്‍ 99 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ 77 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് പിന്നാലെയെത്തി. നിലവില്‍ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം അധികാരത്തിലുള്ള കോണ്‍ഗ്രസ് ഗുജറാത്തില്‍ അധികാരം നേടി ശക്തി വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയാണ് വെച്ച് പുലര്‍ത്തുന്നത്.
ഹിമാചല്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ജന്മനാട്ടില്‍ വിജയിച്ചു കയറാനാവുമോ എന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. പരമ്പരാഗത വോട്ടുബാങ്കില്‍ നിന്ന് തന്നെ ഇത്തവണയും വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പിന്നോക്ക സമുദായങ്ങളായ താക്കൂര്‍-കോലി, ദളിത്, ആദിവാസി, മുസ്ലിം ജനവിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകളാണ് കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ വോട്ട് ബാങ്ക്.