ആഗസ്റ്റ്, സെപ്തംബർ മാസങ്ങൾ ആഘോഷ നാളുകളായതിനാൽ ഉള്ളി വില കുതിച്ചുയരാൻ സാധ്യത. ഈ സീസണിലെ ഉദ്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായത്. ഉള്ളിവില കിലോയ്ക്ക് 70 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഖാരിഫ്, അവസാന ഖാരിഫ്, റാബി എന്നീ സീസണുകളിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ളി ഉൽപ്പാദിപ്പിക്കുന്നത്. അതിൽ തന്നെ സിംഹഭാഗവും ഉത്പാദിപ്പിക്കുന്നത് റാബി സീസണിലാണ്. മാർച്ച് മുതൽ സെപ്തംബർ വരെ രാജ്യത്ത് ഉപയോഗിക്കുന്നത് ഈ സീസണിൽ ഉത്പാദിപ്പിക്കുന്ന ചരക്കാണ്. മാർച്ച് മാസത്തിലെ ഉയർന്ന വിൽപ്പന മൂലം റാബി ഉള്ളിയുടെ സ്റ്റോക്ക് ആഗസ്റ്റിൽ തന്നെ തീരുന്ന സ്ഥിതിയാണുള്ളതെന്നാണ് റിപ്പോർട്ട്. ഇതാണ് വിലക്കയറ്റത്തിലേക്കും പൂഴ്ത്തിവെയ്പ്പിലേക്കും നയിക്കാനുള്ള കാരണം.
നിലവിൽ ഇന്ത്യയിലുടനീളമുള്ള ചില്ലറ വിപണികളിൽ തക്കാളിയുടെ വില 100 രൂപ കടന്നിരുന്നു. ഡൽഹിയിലെ ആസാദ്പൂർ മൊത്തവ്യാപാര വിപണിയിൽ ജൂൺ രണ്ട് മുതൽ ജൂലൈ മൂന്ന് വരെയുള്ള കാലയളവിൽ തക്കാളി വില 1315 ശതമാനം വർധിച്ച് ക്വിന്റലിന് 451 രൂപയിൽ നിന്ന് 6381 രൂപയായി. ആസാദ്പൂരിൽ ഇതേ കാലയളവിൽ വരവിൽ 40 ശതമാനം കുറവുണ്ടായതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.