മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല , പരസ്യമായി പ്രതികരിച്ചാൽ നടപടി; അച്ചു ഉമ്മൻ

കോട്ടയം: സമൂഹമാധ്യമങ്ങളില്‍ തന്റെ കരിയറുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. സ്‌നേഹവും ആദരവുമാണ് ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയ്ക്ക് ലഭിച്ചത്. ഇതില്‍ വളരെയധികം അസ്വസ്ഥരായ അല്ലെങ്കിൽ വെറിപൂണ്ട ഒരുപാട് വ്യക്തികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കഥകളാണ് പ്രചരിക്കുന്നതെന്നും അച്ചു ഉമ്മൻ പറഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് വേട്ടയാടി. അദ്ദേഹം മരിച്ചുപോയി. ഇനി എങ്ങനെ വേട്ടയാടും? അപ്പോഴാണ് കുടുംബത്തെ കരുവാക്കി വീണ്ടു വീണ്ടും വേട്ടയാടുന്നത്. പച്ച നുണകള്‍ പറഞ്ഞുകൊണ്ടാണ് ഈ വേട്ടയാടല്‍. ഇതെല്ലാം ഇവിടുത്തെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പുതുപ്പള്ളിക്കാരുടെ മനസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയ്‌ക്കോ സ്‌നേഹത്തിനോ കറപിടിപ്പിക്കാനൊന്നും സാധിക്കില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ 40ാം ചരമദിനത്തോടനുബന്ധിച്ച് നടന്ന കുർബാനയ്ക്കും അനുബന്ധ പരിപാടിക്കും ശേഷം പ്രതികരിക്കുകയായിരുന്നു.

 

‘എന്റെ പ്രൊഫഷന്‍ മുഖേനയാണ് ആക്രമിച്ചിരിക്കുന്നത്. വളരെ അധികം പരിശ്രമിച്ച് ഒളിക്യാമറവെച്ച് കണ്ടുപിടിച്ച ദൃശ്യങ്ങള്‍ അല്ലല്ലോ. ഒരു വര്‍ഷവും ഒമ്പത് മാസവും മുന്‍പ് തുടങ്ങിയ തൊഴിലിന്റെ ഭാഗമായി എന്റെ പേജില്‍ ഞാന്‍ തന്നെ അഡ്വെര്‍ട്ടെയ്സ് ചെയ്ത ചിത്രങ്ങളെടുത്തുകൊണ്ടാണ് ഈ വ്യക്തിഹത്യ നടത്തുന്നത്. പറയുന്നത് പച്ചക്കള്ളമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. ഒളിവിലും മറവിലും നില്‍ക്കുന്നവര്‍ക്കെതിരെ എങ്ങിനെ നിയമനടപടിയെടുക്കാന്‍ സാധിക്കും. ഒരു മൈക്കിന്റെ മുന്നില്‍ വന്ന് നിന്ന് സംസാരിക്കൂ’, അച്ചു ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയക്കാരന്‍ ഒരു തരത്തിലും വ്യക്തിപരമായി ആക്ഷേപം നടത്തിയിട്ടില്ല. ഇതുവരെ ഒരാളോട് മോശമായി സംസാരിക്കുന്നതോ വ്യക്തിപരമായി ആക്രമിക്കുന്നതോ കണ്ടിട്ടുണ്ടോയെന്നും അച്ചു ഉമ്മന്‍ ചോദിച്ചു. സൗഹൃദത്തിന്റേയും സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും രാഷ്ട്രീയമാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. കഴിയുമെങ്കില്‍ അദ്ദേഹത്തെ പോലെ ആകാന്‍ ശ്രമിക്കൂ. അപ്പോള്‍ നിങ്ങള്‍ക്കും കിട്ടും ഈ ആദരവും സ്‌നേഹവുമൊക്കെ. അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പാഠപുസ്തകമായി നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ്. ഇനി വരാനിരിക്കുന്ന തലമുറയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അത് മാതൃകയാക്കു എന്നും അച്ചു ഉമ്മൻ പറഞ്ഞു.

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles