ഭോപ്പാൽ: മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ ബി.ജെ.പിക്കു തലവേദനയായി നേതാക്കന്മാരുടെ കൂടുമാറ്റം. കോൺഗ്രസിലേക്കാണു പ്രബലരായ നേതാക്കന്മാർ മറുകണ്ടം ചാടുന്നതെന്നതാണ് പാർട്ടി നേതൃത്വത്തെ ആശങ്കയിലാക്കുന്നത്. ഇന്നലെ നിരവധി ബി.ജെ.പി നേതാക്കളാണ് കോൺഗ്രസ് ആസ്ഥാനത്തെത്തി അംഗത്വമെടുത്തത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരെ പാർട്ടിയിലെത്തിക്കാനും കോൺഗ്രസ് ചരടുവലിക്കുന്നുണ്ട്.
സാഗർ ജില്ലയിലെ പ്രബല രജ്പുത് നേതാവായ നീരജ ശർമയെ പാർട്ടിയിലെത്തിച്ചാണ് കോൺഗ്രസ് ഏറ്റവുമൊടുവിൽ ഞെട്ടിച്ചിരിക്കുന്നത്. വ്യവസായിയും കർഷക നേതാവുമായ നീരജ ബസ് ഓപറേറ്റർ കൂടിയാണ്. ആയിരക്കണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഭോപ്പാലിലെ പി.സി.സി ആസ്ഥാനത്തെത്തി അദ്ദേഹം കോൺഗ്രസിൽ അംഗത്വമെടുത്തത്. പി.സി.സി അധ്യക്ഷൻ കമൽനാഥിന്റെ നേതൃത്വത്തിലാണു സ്വീകരണമൊരുക്കിയത്.
അതേസമയം, കോൺഗ്രസിൽ അംഗത്വമെടുക്കുന്നതിനു തൊട്ടുമുൻപ് സാഗർ ജില്ലയിലെ റാഹത്ഗഢ് പൊലീസ് നീരജ ശർമയ്ക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. രജ്പുത്തുകൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവാണ് നീരജ. രജ്പുത് വോട്ടിൽ കണ്ണുനട്ടാണ് കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹത്തെ 2010ൽ ബി.ജെ.പി പാർട്ടിയിലെത്തിക്കുന്നത്.
2010ൽ തന്നെ ജനപഥ് പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. നീരജ ശർമയ്ക്ക് സുർഖി സീറ്റ് നൽകുമെന്നാണ് അറിയുന്നത്. മുൻ ഗവർണർ രാംനരേഷ് യാദവിന്റെ കൊച്ചുമകൾ റോഷ്നി യാദവ് നിവാരിയിൽനിന്നും മത്സരിക്കും.
സാഗറിനു പുറമെ നിവാരി, ദാത്തിയ, സത്ന, ശിവപുരി എന്നിവിടങ്ങളിൽനിന്നെല്ലാം നിരവധി ബി.ജെ.പി നേതാക്കൾ ഇന്നലെ പി.സി.സി ആസ്ഥാനത്തെത്തി കോൺഗ്രസ് അംഗത്വമെടുത്തിട്ടുണ്ട്. ശിവപുരി ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്ന ജിതേന്ദ്ര ജെയിൻ ഗൊട്ടുവും കൂട്ടത്തിലുണ്ട്. മുൻ ബി.ജെ.പി എം.എൽ.എയുടെ സഹോദരനാണ്. യവമോർച്ച ജില്ലാ നേതാവായ രാജു ദംഗിയും നിവാരി ജില്ലാ പഞ്ചായത്ത് അംഗം റോഷ്നി യാദവും കോൺഗ്രസിലെത്തിയിട്ടുണ്ട്.