വാനുകളിൽ വീട്ടുപടിക്കൽ കൊണ്ടുവന്നു കർട്ടൻ, ഫ്ലോർ മാറ്റ്, മെത്ത തുടങ്ങിയ സാധനങ്ങൾ വിൽക്കുന്ന ടീമുകളെ എല്ലാവർക്കും പരിചയം കാണും. അടുത്തിടെ വീടുമായി ബന്ധപ്പെട്ട ഒരു സമൂഹമാധ്യമഗ്രൂപ്പിൽ ഇത്തരം തട്ടിപ്പുകളെ കുറിച്ച് ഒരാൾ ഇട്ട അനുഭവത്തിന് താഴെ കമന്റുകളായി നിറഞ്ഞത് അവർക്കെല്ലാം പറ്റിയ അബദ്ധങ്ങളായിരുന്നു. അവയിൽ ചിലത് പങ്കുവയ്ക്കുന്നു
വൃദ്ധരായ മാതാപിതാക്കളോട് 4 കർട്ടൻ ഫിക്സ് ചെയ്തിട്ട് (വേണ്ടെന്നു പറഞ്ഞിട്ടും നിർബന്ധിച്ചു ചെയ്തതതാണ് ) 40000 രൂപ ചോദിച്ചു. അച്ഛന് വലിയ തുക കേട്ട ഞെട്ടലിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായി. ശേഷം ബാർഗയിനിലൂടെ 20000 രൂപയിൽ ഉറപ്പിച്ചു. കബോർഡിൽ നിന്ന് അച്ഛൻ രൂപയെടുക്കുമ്പോൾ പുറകിൽ നിലയുറപ്പിച്ചതായും പറഞ്ഞു. വാൻ പോലുള്ള വണ്ടിയിലാണ് മൂന്നുപേരടങ്ങിയ സംഘം വന്നതെന്ന് അമ്മ പറഞ്ഞു. ഉച്ച നേരത്ത് അധികമാരും വീടുകളിൽ ഇല്ലാത്ത സമയത്താണ് വന്നത്. വിവരമറിഞ്ഞ് ഞാൻ അവർ നൽകിയ രസീതിലെ നമ്പരിൽ കോണ്ടാക്ട് ചെയ്തെങ്കിലും ഫലമുണ്ടായില്ല. പൊലീസ് സ്റ്റേഷനിലും ആ രസീത് വച്ച് പരാതി കൊടുത്തെങ്കിലും ഒരു ഫലവും ഉണ്ടായില്ല. പിന്നെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലല്ലോ എന്നതാണ് ആശ്വാസം. മേലിൽ ആരെയും ഇങ്ങനെ വീട്ടിൽ കയറ്റരുതെന്ന് മനസ്സിലാക്കിയിട്ടുണ്ട്.