മുംബൈ: പലതരം വാഹന മോഷണങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ പൊലീസ് പിടിച്ചുകൊണ്ടുപോയ സ്വന്തം ബൈക്ക് സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിന്ന് മോഷ്ടിച്ച സംഭവം ആദ്യമായിരിക്കും. മുംബൈയിലെ ആസാദ് മൈതാൻ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
സംഭവത്തിൽ കേസെടുത്ത് സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് മുംബൈ ട്രാഫിക് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. ഗോവണ്ഡി ബൈഗാൻവാദി സ്വദേശിയായ താരിഖ് അഹമ്മദ് മസ്ഖൂദ് ഖാൻ ആണ് അറസ്റ്റിലായത്.
തുടർന്ന് അസി. പൊലീസ് ഇൻസ്പെക്ടർ കിരൺ സ്വാമി, ഹെഡ് കോൺസ്റ്റബിൾ ജയ് ഭായ്, കോൺസ്റ്റബിൾ ഹിരെ എന്നിവരടങ്ങിയ സംഘം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും താരിഖ് അഹമ്മദിനെ തിരിച്ചറിയുകയുമായിരുന്നു.
അറസ്റ്റിന് പിന്നാലെ കുറ്റം സമ്മതിച്ച താരിഖ്, പിഴയടയ്ക്കാൻ താൽപര്യമില്ലാത്തതിനാലാണ് ചങ്ങല പൊട്ടിച്ച് ബൈക്ക് മോഷ്ടിച്ചതെന്നും പൊലീസിനോടു പറഞ്ഞു
ട്രാഫിക് നിയമലംഘനത്തിനാണ് താരിഖിന്റെ ബൈക്ക് പൊലീസ് പിടിച്ചെടുത്തിരുന്നത്. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടുത്തെ പാർക്കിങ് സ്ഥലത്ത് ചങ്ങലയിൽ ബന്ധിച്ചിടുകയും ചെയ്തു.
എന്നാൽ കഴിഞ്ഞദിവസം നോക്കിയപ്പോൾ ഈ ബൈക്കിലുണ്ടായിരുന്ന ചങ്ങലകൾ പൊട്ടിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ബൈക്ക് തങ്ങളുടെ കസ്റ്റഡിയിൽ നിന്നും മോഷണം പോയതായി പൊലീസിന് മനസിലായത്. പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.