പള്ളി ഇമാമിന്റെ മകൻ ലോകം
വാഴ്ത്തുന്ന ഫുട്ബോളർ ആയ കഥ.
സെനഗലിലെ ബാമ്പലി എന്ന
സ്ഥലത്താണ് സഡിയോ മാനെയുടെ ജനനം.
അഞ്ചോ ആറോ വയസ്സുള്ളപ്പോൾ തന്നെ
അവൻ പന്തുമായി ഓടും.
ദാരിദ്ര്യത്തിന് യാതൊരു
കുറവുമില്ലാത്ത നാട്ടിൽ പലപ്പോഴും കുട്ടികൾ
പന്തുകളിച്ചിരുന്നത് തന്നെ വിശപ്പ്
മറക്കാനാണ്.
ഒരു ദിവസം കളിക്കുന്നതിനിടെ
അവന്റെ കസിൻ ഓടിവന്നു പറഞ്ഞു:
“സഡിയോ.. നിന്റെ ഉപ്പ മരണപ്പെട്ടു.”
ആ സത്യം അവൻ ആദ്യം
വിശ്വസിച്ചിരുന്നില്ല. അവന്റെ പ്രായം വെറും
ഏഴ് വയസ്സു മാത്രമാണ്.
ഉപ്പയുടെ മരണത്തെ കുറിച്ച്
സഡിയോ മാനെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ആഴ്ചകളോളം അസുഖ
ബാധിതനായിരുന്നെങ്കിലും ചികിത്സിക്കാൻ
ആ നാട്ടിൽ ഒരാശുപത്രി ഉണ്ടായിരുന്നില്ല.
പരമ്പരാഗത നാട്ടുമരുന്നുകളൊക്കെയാണ്
ആളുകൾക്ക് അസുഖം വന്നാൽ
നൽകിയിരുന്നത്. ചിലപ്പോൾ കുറച്ചു നാൾ
കൂടി ജീവിക്കും അല്ലെങ്കിൽ മരിക്കും.
പതിനഞ്ചാം വയസ്സില് ഫുട്ബോളർ
ആവണമെന്ന അഭിനിവേശം കൊണ്ട് അവൻ
ആ നാട്ടിൽ നിന്നു ഓടിപോയി. രാജ്യ
തലസ്ഥാനമായ ദാക്കറിൽ പോയി
ഫുട്ബോൾ കളിച്ചു.
ആദ്യമാദ്യം പ്രാദേശിക ക്ലബുകളിൽ
കളിച്ച മാനെ പതിയെ സെക്കന്റ് ഡിവിഷന്
ക്ലബുകളിലക്ക് എത്തിപ്പെട്ടു.
മെറ്റ്സ് എന്ന ക്ലബിൽ കളിക്കുമ്പോഴാണ്
റെഡ് ബുൾ സാൾസ്ബർഗ് ആ കറുത്ത
മെലിഞ്ഞ പയ്യനെ ശ്രദ്ധിക്കുന്നത്.
ക്ലബിൽ നിന്നു വിട്ടു കിട്ടാൻ ആദ്യം
രണ്ട് മില്യൺ ചോദിച്ചിരുന്ന മെറ്റ്സ് പിന്നീടത്
നാലു മില്യണാക്കി. ആ തുകക്ക് റെഡ് ബുൾ
അവനെ സ്വന്തമാക്കി.
കൃത്യം രണ്ട് വർഷത്തിന് ശേഷം
ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് അവൻ
എത്തുമ്പോൾ പന്ത്രണ്ട് മില്യൺ
യൂറോക്കാണ് സൗത്താംപ്റ്റൺ അവനെ
സൈൻ ചെയ്തത്. പിന്നെയും രണ്ട് വർഷം
കഴിഞ്ഞപ്പോൾ ലിവർപൂർ 34 മില്യണിന്
അയാളെ സ്വന്തമാക്കുമ്പോൾ അതുവരെ
ഉണ്ടായിരുന്ന മൂല്യമേറിയ ആഫ്രിക്കൻ
ഫുട്ബോറായി സഡിയൊ മാനെ മാറിയിരുന്നു.
ഇന്ന് ലോക ഫുട്ബോളിൽ ഏറ്റവും
കൂടുതൽ പ്രതിഫലം വാങ്ങുന്ന
പത്തുപേരിൽ ഒരാൾ സാഡിയോ
മാനെയാണ്.
അയാൾ അത്രയും തുക പ്രതിഫലം വാങ്ങുന്നതിന് നമ്മളെന്ത് വേണം…?
വൈറ്റ് പറയാം.
ഒരിക്കൽ ഒരു യാത്രക്കിടെ അയാളുടെ
കയ്യിൽ ഡിസ്പ്ലെ പൊട്ടിയ ഫോൺ
മാധ്യമങ്ങളുടെ കണ്ണിൽപ്പെട്ടു. ആ ചിത്രം
വാർത്തയായി. പിന്നീട് ഒരിക്കൽ ഇന്റർവ്യയിൽ അത് ചോദ്യമായി.
സഡിയോ മാനെ നൽകിയ ഉത്തരം ഇങ്ങനെയാണ്:
‘എനിക്കെന്തിനാണ് പത്ത് ഫെരാരി കാറുകൾ.? ഇരുപത് ഡയമണ്ട് വാച്ചുകൾ.? അല്ലെങ്കിൽ രണ്ട് വിമാനങ്ങൾ ? ഈ വസ്തുകൾ എനിക്കും ലോകത്തിനും വേണ്ടി എന്തു നന്മയാണ് ചെയ്യുക.
എനിക്ക് വിശന്നപ്പോൾ വയലിൽ ജോലി ചെയ്യേണ്ടി വന്നു. പ്രയാസകരമായ സമയം ഞാൻ അതിജീവിച്ചു. നഗ്നപാദനായി ഫുട്ബോൾ കളിച്ചു. ആ സമയം എനിക്ക് വിദ്യാഭ്യാസവും മറ്റു പലതും നഷ്ടപ്പെട്ടു.
എന്നാൽ ഇന്ന് ഞാൻ ഫുട്ബോളിനോട് നന്ദി പറയുന്നു. എനിക്ക് എന്റെ ജനങ്ങളെ സഹായിക്കാൻ സാധിക്കുന്നു.
സ്കൂളുകളും സ്റ്റേഡിയങ്ങളും നിർമ്മിക്കാൻ സാധിച്ചു. കടുത്ത ദാരിദ്ര്യമുള്ള ആളുകൾക്ക് ഞങ്ങൾ വസ്ത്രങ്ങളും, ചെരിപ്പുകളും ഭക്ഷണവും എത്തിച്ചു. കൂടാതെ സെനഗലിലെ വളരെ ദരിദ്ര പ്രദേശത്തുള്ള എല്ലാ ആളുകൾക്കും പ്രതിമാസം 70 യൂറോ വീതം സഹായം നൽകുന്നു.
ലക്ഷ്വറി കാറുകളും വീടുകളും പ്രദർശിപ്പിക്കാനല്ല , എനിക്ക് കിട്ടിയ ജീവിതത്തിൽ നിന്നും അല്പം എന്റെ ജനങ്ങൾക്കും കിട്ടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ‘
ഈ പറഞ്ഞത് വെറും വാക്കല്ല. സ്വന്തം പിതാവ് ചികിത്സ കിട്ടാതെ മരിച്ച ബാമ്പലി എന്ന നാട്ടിൽ അഞ്ച് ലക്ഷം യൂറോ മുടക്കി വലിയൊരു ഹോസ്പിറ്റൽ പണിതു. അതിലേറെ തുക സ്കൂളുകൾക്കും മറ്റു സേവനങ്ങൾക്കും വേണ്ടി അയാൾ ചിലവഴിച്ചു. ജന്മ നാട്ടിലെ ഓരോ കുടുംബത്തിന്റെയും പട്ടിണി മാറ്റി.
ലോക ഫുട്ബോളിലെ ഏറ്റവും വലിയ അവാർഡ് വേദിയായ ബാലൺ ഡി ഓർ ഈ കഴിഞ്ഞ സമ്മാനദാന ചടങ്ങിൽ സാമൂഹിക സേവനങ്ങൾക്ക് ആദ്യമായി ഉൾപ്പെടുത്തിയ സൊക്രേറ്റസ് അവാർഡിന് സഡിയോ മാനെ അർഹനായി.
പടച്ചോൻ നൽകിയത് ചുറ്റുമുള്ള മനുഷ്യർക്കും പങ്കുവെക്കുന്ന മനുഷ്യൻ.
കഴിഞ്ഞ കളിയിൽ പരിക്കേറ്റ് മാനെ ലോകകപ്പിനുണ്ടാവില്ല എന്ന വാർത്ത വന്നപ്പോൾ സെനഗലിലെ പതിനായരങ്ങൾ കരഞ്ഞിട്ടുണ്ടാവണം. ലോകകപ്പിൽ ഫേവ്രറ്റുകളല്ലെങ്കിലും ആ രാജ്യം അത്രത്തോളം ആ മനുഷ്യനെ സ്നേഹിക്കുന്നുണ്ട്. പ്രതീക്ഷ നൽകുന്നുണ്ട്.
ഒടുവിൽ, പടച്ചോൻ
അയാളെയും കൈവിട്ടില്ല. സഡിയോ മാനെ ലോകകപ്പ് കളിക്കും.