ഈറോഡ്: തമിഴ്‌നാട്ടിലെ പ്രതിസന്ധിയിലായിരുന്ന കോഴി ഫാം ഉടമകള്‍ക്ക് ആശ്വാസമായി ലോകകപ്പ് ഫുട്‌ബോള്‍. നവംബര്‍ 20 ന് നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ കായിക പ്രേമികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനായി ഈ മാസം നാമക്കലില്‍ നിന്ന് കയറ്റി അയച്ചത് അഞ്ച് കോടി മുട്ടകളാണ്. അതില്‍ രണ്ട് കോടി മുട്ടകളും കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം കയറ്റി അയച്ചതാണ്. കൂടാതെ മുട്ടയുടെ കറ്റുമതി 2023 ജനുവരി വരെ തുടരും.2007-2008 വര്‍ഷങ്ങളില്‍ തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളായ ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ ഉള്‍പ്പെടെ 11 രാജ്യങ്ങളിലേക്കും ആഫ്രിക്ക, അഫ്ഗാന്‍ എന്നിവിടങ്ങളിലേക്കും 15 കോടി മുട്ടകള്‍ വരെ കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ ഇതിലൂടെയുളള നാമക്കലുകാരുടെ വരുമാനം നിലച്ചു. കോഴിമുട്ടയുടെ കാലാവധി ആറ് മാസത്തില്‍ നിന്നും മൂന്ന് മാസമായി കുറച്ചതോടെ കയറ്റുമതി കുറയുകയും ഇതോടെ കോഴി ഫാം ഉടമകള്‍ പ്രതിസന്ധിയിലാവുകയും ചെയ്തു.
ഇതിന് പുറമെ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇന്ത്യയില്‍ നിന്നും മുട്ട വാങ്ങുന്നതില്‍ നിന്ന് രാജ്യങ്ങള്‍ പിന്‍വാങ്ങി. മുട്ട കയറ്റുമതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റൊരു രാജ്യമാണ് തുര്‍ക്കി. ഇന്ത്യയില്‍ പക്ഷിപ്പനി വ്യാപനമുണ്ടായ സാഹചര്യവും ലോകകപ്പും മുതലെടുത്ത് തുര്‍ക്കി കോഴിമുട്ടയുടെ വില രണ്ടിരട്ടി വര്‍ധിപ്പിച്ചു. ഇതോടെ മുട്ട ഇറക്കുമതിക്ക് വലിയ വില കൊടുക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഖത്തര്‍ അടക്കമുളള രാജ്യങ്ങള്‍ വീണ്ടും ഇന്ത്യയെ ആശ്രയിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി കയറ്റുമതിയാണ് ഇത്തവണ മുട്ട വിപണിയില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്. കൂടാതെ മുട്ട കയറ്റുമതിയില്‍ പക്ഷിപ്പനി പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാന്‍ ഉല്‍പ്പാദകര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പക്ഷിപ്പനി രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നാമക്കല്‍ മുട്ട ഉത്പാദന, വില്‍പ്പന അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. യുഎസ് അടക്കമുളള വിപണികള്‍ മുട്ടയുടെ വില കുറച്ച് നല്‍കി ഇന്ത്യന്‍ മുട്ട വിപണിയെ തകര്‍ക്കാന്‍ ശ്രമിക്കാനുളള സാധ്യതയുമുണ്ട്.