ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഏറ്റവുമധികം ചിന്തിക്കുന്നതും ചിലപ്പോള്‍ ഏറ്റവുമധികം പണം മുടക്കുന്നതും താമസത്തിനായിയിരിക്കും. യാത്രയുടെ ക്ഷീണം ഇറക്കിവയ്ക്കുവാനും അടുത്ത ദിവസത്തേയ്ക്കുള്ള ഊര്‍ജം സ്വീകരിക്കുവാനുമെല്ലാം ഓരോ സഞ്ചാരിയേയും വീണ്ടും വീണ്ടും തയ്യാറാക്കുന്നതില്‍ താമസ സ്ഥലങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഏറ്റവുമധികം ആളുകള്‍ യാത്രയില്‍ തിരഞ്ഞെടുക്ക ഇടം ഹോട്ടലുകളായതിനാല്‍ അതിനു പ്രാധാന്യം നല്കിയേ തീരു.
പ്രതീക്ഷയ്ക്കൊത്തവിധം ആയിരിക്കില്ല ചിലപ്പോള്‍ ലഭിക്കുന്ന അനുഭവങ്ങള്‍. കാരണങ്ങള്‍ പലതുണ്ടെങ്കിലും മിക്കപ്പോഴും വില്ലനായി വരുന്നത് ചെക്ക് ഇന്‍, ചെക്ക് ഔട്ട് കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ശ്രദ്ധക്കുറവും തന്നെയായിരിക്കും. ഇവ പ്രത്യേകം എവിടെയും പറഞ്ഞിട്ടില്ലെങ്കിലുംഅവയെല്ലാം നമ്മൾ അറിഞ്ഞിരിക്കേണ്ടത് വളരെ ആവശ്യമാണ്. യാത്രകളില്‍ ഹോട്ടലുകളില്‍ ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍.
1 നേരത്തേയുള്ള ചെക്ക്-ഇന്നുംതാമസിച്ചുള്ള ചെക്ക് ഔട്ടും മുന്‍കൂട്ടി അറിയിക്കാത്തത്
റൂം ബുക്ക് ചെയ്തപ്പോള്‍ പറഞ്ഞിരുന്ന ചെക്ക്-ഇന്‍ സമയത്തില്‍ നിന്നു കുറച്ച് നേരത്തെയോ പറഞ്ഞിരുന്ന സമയം കഴിഞ്ഞ് രണ്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞുള്ള ചെക്ക് ഔട്ടും എല്ലാം യാത്രകളില്‍ വളരെ സ്വാഭാവീകമായി സംഭവിക്കുന്നവയാണ്. ഇങ്ങനെ സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്നു തോന്നിയാല്‍ അക്കാര്യം കഴിവതും നേരത്തെ ഹോട്ടല്‍ അധികൃതരെ അറിയിക്കുക. ഇത് കൃത്യമായ സൗകര്യങ്ങളോ അല്ലെങ്കില്‍ പകരം സൗകര്യങ്ങളോ ഏര്‍പ്പെടുത്തുവാന്‍ ഹോട്ടല്‍ അധികൃതരെ സഹായിക്കും. അവസാന നിമിഷം കുറച്ചധികം സമയം നീട്ടിത്തരണമെന്നു പറഞ്ഞാലും ചിലപ്പോള്‍ ചെറിയ ചാര്‍ജ് നല്കി ഉപയോഗിക്കാം. മുന്‍കൂട്ടി പറയാത്ത പക്ഷം ഇത് ബഹളത്തിലേക്കായിരിക്കും നയിക്കുക.
2
പറയുന്നത് കേള്‍ക്കാതിരിക്കല്‍
ചെക്ക് ഇന്‍ സമയത്ത് ഫ്രണ്ട് ഡസ്കിലെ ഹോട്ടല്‍ പ്രതിനിധി ഹോട്ടലിനെക്കുറിച്ചും അതിന്റെ നയങ്ങളെക്കുറിച്ചും ചാര്‍ജുകളെക്കുറിച്ചും വിശദീകരിക്കും.ഹോട്ടലിലെ ഇന്‍റര്‍നെറ്റ് ചാര്‍ജ്, വാട്ടര്‍ സിസ്റ്റം, കാറുകളുടെ ലഭ്യത തുടങ്ങിയവയെക്കുറിച്ചും അതിന്‍റെ ചാര്‍ജുകളെക്കുറിച്ചും പറയുമ്പോള്‍ ശ്രദ്ധിക്കുക. അതിനനുസരിച്ച് എന്തൊക്കെ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നും ഏതൊക്കെ പരിമിതിപ്പെടുത്തണമെന്നും തീരുമാനിക്കുകയും ചെയ്യാം. ചിലപ്പോള്‍ അമിതമായ പണച്ചിലവില്‍ നിന്നും ചെക്ക് ഔട്ട് ചെയ്യുമ്പോഴത്തെ തര്‍ക്കത്തില്‍ നിന്നുമൊക്കെ ഇത് രക്ഷിച്ചേക്കുകയും ചെയ്യും.
3 റൂം മാറുവാന്‍ ആവശ്യപ്പെടാതിരിക്കല്‍
ഓണ്‍ലൈനില്‍ ആയാലും അല്ലെങ്കിലും നിങ്ങള്‍ ബുക്ക് ചെയ്യുന്ന റൂമിന്റെ എല്ലാ വിശദവിവരങ്ങളും അറിയുവാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. പലപ്പോഴും ചിത്രങ്ങളും വിവരണങ്ങളും മതിയായെന്നു വരില്ല. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുമ്പോള്‍ അധികൃതരുമായി ബന്ധപ്പെട്ട് ഹോട്ടല്‍ മുറിയുടെ വലുപ്പം, താമസിക്കുവാന്‍ കഴിയുന്ന ആളുകളുടെ എണ്ണം , മുറി സ്ഥിതി ചെയ്യുന്നിടം, മുറിയുടെ വ്യൂ, ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍, പ്രത്യേക ചാര്‍ജ് നല്കാതെ ഉപയോഗിക്കുവാന്‍ കഴിയുന്ന സൗകര്യങ്ങള്‍, പ്രത്യേകം ചാര്‍ജ് നല്കി ഉപയോഗിക്കുവാന്‍ കഴിയുന്ന സൗകര്യങ്ങള്‍ എന്നിവയെല്ലാം ചോദിച്ചറിയുക. എന്തൊക്കെയുള്ള ആവശ്യങ്ങളും സൗകര്യങ്ങളുമാണോ വേണ്ടത്, അത് കൃത്യമായി എഴുതിവെച്ചതിനു ശേഷമായിരിക്കണം സംസാരിക്കേണ്ടത്. ചെക്ക് ഇന്‍ സമയത്ത് നേരത്തെ നമ്മളോട് വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ എല്ലാം ലഭ്യമാണെന്ന് ഉറപ്പുവരുത്തുക. അല്ലാത്ത പക്ഷം റൂം മാറ്റിത്തരുവാന്‍ ആവശ്യപ്പെടാം.
4 ആവശ്യങ്ങള്‍ നേരത്തെ അറിയിക്കാതിരിക്കുന്നത്
ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കും മറ്റും ഹോട്ടലുകളില്‍ പ്രത്യേക ആവശ്യങ്ങള്‍ വേണ്ടി വന്നേക്കാം. പുലര്‍ച്ചെ ചൂടുവെള്ളം വേണ്ടവര്‍ അത് മുന്‍കൂട്ടി ഹോട്ടല്‍ സ്റ്റാഫിനെ അറിയിക്കുക. രാവിലെ ആവശ്യപ്പെട്ടാല്‍ ചിലപ്പോള്‍ സമയത്ത് ലഭിക്കാതെ വന്നാല്‍ അതിന് ഹോട്ടലിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കുക. അധികമായി തലയിണയോ ഷീറ്റോ ഒക്കെ ആവശ്യമായി വരുന്നുണ്ടെങ്കില്‍ നേരത്തെ തന്നെ അവരെ അറിയിക്കാം.
5 ബന്ധപ്പെടുവാനുള്ള വിവരങ്ങള്‍ ചെക്ക് ഇന്‍ സമയത്ത് നല്കാതിരിക്കുന്നത്
ചിലപ്പോള്‍ ആളുകള്‍ ചെക്ക് ഇന്‍ സമയത്ത് ഇ-മെയില്‍ വിലാസം നല്കുവാനോ അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ നല്കുവാമോ ഒക്കെ മറന്നു പോയേക്കാം. ചിലപ്പോള്‍ ഇതിന്റെ ആവശ്യമില്ല എന്നു കരുതി വിട്ടുകളയുന്നതുമാവാം. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ അത്യാവശ്യമാണ്. ഉദാഹരണത്തിന് ഹോട്ടല്‍ ചെക്ക് ഔട്ട് ചെയ്തു കഴിഞ്ഞു നിങ്ങള്‍ അവിടെ എന്തെങ്കിലും മറന്നുവെച്ചതായി ഹോട്ടല്‍ അധികൃതര്‍ കണ്ടെത്തിയെന്നിരിക്കട്ടെ, നിങ്ങളുടെ ഫോണില്‍ വിളിച്ച് കിട്ടാത്ത പക്ഷം, നല്കിയിരിക്കുന്ന അടുത്ത നമ്പര്‍ അല്ലെങ്കില്‍ ഇ-മെയില്‍ വിലാസം ഉണ്ടെങ്കില്‍ അവര്‍ക്ക് അതില്‍ ബന്ധപ്പെടുവാന്‍ സാധിക്കും.
6 ഇറങ്ങുന്നതിനു മുന്‍പ് ഒന്നുകൂടി ചെക്ക് ചെയ്യുവാന്‍ മറക്കുന്നത്
യാത്ര പുറപ്പെടുവാന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പായി വേണ്ട കാര്യങ്ങളെല്ലാം എടുത്തിട്ടുണ്ടോ എന്നു നമ്മള്‍ ഉറപ്പുവരുത്തും. അതുപോലെ തന്നെ ഹോട്ടലില്‍ നിന്നും ചെക്ക് ഔട്ട് ചെയ്യുമ്പോഴും ഇത്തരത്തില്‍ ഒരു പരിശോധന നല്ലതാണ്. വാലറ്റും കാര്‍ഡുകളും വസ്ത്രങ്ങളും ബാഗും യാത്രയില്‍ മേടിച്ച സാധനങ്ങളുമെല്ലാം കൃത്യമായി എടുത്തില്ലേ എന്നു നോക്കുക. റൂമില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പേ ഒരാള്‍ മുറിയുടെ എല്ലാ കോണുകളും ഷെല്‍ഫും കബോഡും ബാത്റൂമും എല്ലാം നോക്കുക. ഒന്നും മറന്നുവെച്ചിട്ടില്ല എന്നുറപ്പ് വരുത്തുക.
7 ഹൗസ് കീപ്പിങ്ങിന് ടിപ്പ് നല്കാതെ വരുന്നത്
നിങ്ങളുടെ റൂമിനെ വൃത്തിയാക്കുന്നതും നിങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളെല്ലാം സമയം നോക്കാതെ എത്തിക്കുന്നതുമെല്ലാം ഹോട്ടലിലെ ഹൗസ്കീപ്പിങ് സ്റ്റാഫ് ആയിരിക്കും. ഓരോ ദിവസവും റൂം വൃത്തിയാക്കുന്നതും സാനിറ്റൈസ് ചെയ്യുന്നതും ബെഡ് ഷീറ്റ് മാറ്റുന്നതുമെല്ലാം ഇവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ യാത്രയെയും താമസത്തെയും മികച്ചതാക്കുവാന്‍ നല്കിയ ഇവരുടെ സേവനം മറക്കാതിരിക്കാം. അതുകൊണ്ടുതന്നെ ഒരു തുക ടിപ്പായോ അല്ലാതെയോ ഇവര്‍ക്കായി മാറ്റിവയ്ക്കുവാന്‍ മറക്കരുത്.
8 ചെക്ക് ഔട്ട് വൈകിപ്പിക്കുന്നത്
യാത്രയുടെ ക്ഷീണത്തില്‍ ഹോട്ടലിലെത്തിയ നമ്മളോട് ദീര്‍ഘനേരം വെയിറ്റിങ് ഏരിയയില്‍ സമയം ചിലവഴിക്കുവാന്‍ ആവശ്യപ്പെട്ടാല്‍ നമുക്കത് അംഗീകരിക്കുവാനായെന്നു വരില്ല. ഇതേ കാര്യം തന്നെയാണ് നമ്മള്‍ ചെക്ക് ഔട്ട് വൈകിപ്പിക്കുമ്പോഴും സംഭവിക്കുന്നത്. ചിലപ്പോള്‍ ആ റൂമിന് അപ്പോള്‍ തന്നെ വേറെ അതിഥികളെ സ്വീകരിക്കുവാനുണ്ടെങ്കില്‍ നമ്മള്‍ ഇറങ്ങുവാന്‍ വൈകുന്നത് എല്ലാവരെയും പ്രതിസന്ധിയിലാക്കും. ഇനി, ചെക്ക് ഔട്ട് ചെയ്തിറങ്ങുവാന്‍ കുറച്ചധികം സമയം കൂടുതല്‍ വേണമെങ്കില്‍ അക്കാര്യം മുന്‍കൂട്ടി അധികൃതരെ അറിയിക്കുക.
9 ബില്ല് കൃത്യമായി നോക്കാത്തത്
ഹോട്ടലില്‍ നിന്നും ചെക്ക് ഔട്ട് സമയത്ത് ലഭിക്കുന്ന ബില്ല് പലരും കൃത്യമായി നോക്കാറില്ല. അവര്‍ തയ്യാറാക്കിയ ബില്ല് അതുപോലെ അടയ്ക്കുകയാണ് ചെയ്യുന്നത്. ഓരോ ബില്ലും കൃത്യമായി നോക്കേണ്ടതുണ്ട്. നമ്മള്‍ ഉപയോഗിക്കാത്ത, അല്ലെങ്കില്‍ ആവശ്യപ്പെടാത്ത കാര്യങ്ങള്‍ ചിലപ്പോള്‍ അറിയാതെ ബില്ലില്‍ കടന്നുകൂടിയിട്ടുണ്ടാവാം. അത് കൃത്യമായി നോക്കി പരിഹരിക്കുക. ഹോട്ടല്‍ ഈടാക്കുന്ന ടാക്സും ശ്രദ്ധിക്കുക.
10 മറ്റുള്ളവരോട് ചോദിക്കാതിരിക്കുന്നത്
ഇപ്പോള്‍ മിക്കപ്പോഴും യാത്രകളില്‍ താമസത്തിനും ആഘോഷത്തിനുമായി വില്ലകള്‍ ആളുകള്‍ വാടകയ്ക്ക് എടുക്കാറുണ്ട്. അപ്പോള്‍ ഉടമസ്ഥര്‍ ചില പ്രത്യേക ചാര്‍ജുകള്‍ പറയാറുണ്ട്. പുറത്ത് പൊതുവാട സ്ഥലത്ത് പാചകം ചെയ്യുന്നതിനും മറ്റും ചിലര്‍ പ്രത്യേകം ചാര്‍ജ് ആവശ്യപ്പെട്ടേക്കാം. ഇത്തരം അവസരങ്ങളില്‍ സമീപത്തുള്ളവരോട് കൂടി ഇതിനെക്കുറിച്ച് ചോദിക്കുന്നത് നല്ലതായിരിക്കും. ചിലപ്പോള്‍ ഹോട്ടല്‍ ഉടമസ്ഥതയിലുള്ള കാറുകള്‍ക്ക് മാത്രമേ പ്രദേശത്ത് ഓടുവാന്‍ അനുമതിയുള്ളുവെന്നും പറയുന്ന ഇടങ്ങളുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് നേരത്തെ അവിടെ പോയിട്ടുള്ലവരവുമായോ അല്ലെങ്കില്‍ പ്രദേശവാസികളുമായോ ചോദിച്ച് സംശയനിവാരണം വരുത്തേണ്ടതാണ്.