മുഖ്യമന്ത്രിയുടെ അഭിനയം പൊളിഞ്ഞു, എത്ര തല്ലിയാലും യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങും- രാഹുല്‍

തിരുവനന്തപുരം: പഴയങ്ങാടിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുംനേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ രൂക്ഷമായ പ്രതികരണവുമായി വീണ്ടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മുഖ്യമന്ത്രി വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസിലെ പ്രതിയുടെ നിലവാരത്തിലേക്ക് തിരിച്ചുപോയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. എത്ര തല്ലിയൊതുക്കാന്‍ ശ്രമിച്ചാലും മുഖ്യമന്ത്രി അതിന് കവചമൊരുക്കിയാലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി തെരുവില്‍തന്നെയുണ്ടാവുമെന്നും രാഹുല്‍ വ്യക്തമാക്കി.

കേസില്‍ പ്രതിയായ 14 ഡിവൈഎഫ്‌ഐയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ പോലും കഴിയാത്തതരത്തിലാണോ കേരളാ പോലീസിന്റെ പ്രവര്‍ത്തനമെന്ന് രാഹുല്‍ ചോദിച്ചു. ‘പി.ആര്‍. ഏജന്‍സികളുടെ സഹായത്തോടെ മുഖം മിനുക്കി, കൈയിലിരിപ്പ് ഉള്ളിലാക്കി, പുറമേ താന്‍ വലിയ കാരുണ്യത്തിന്റെ ആളാണെന്ന് നടിച്ചുകൊണ്ടിരുന്ന പിണറായി വിജയന്റെ അഭിനയം കഴിഞ്ഞ ദിവസം പൊളിഞ്ഞുവീണത്. വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകകേസിലെ പ്രതിയുടെ പഴയനിലവാരത്തിലേക്ക് പിണറായി വിജയന്‍ തിരിച്ചുപോയി’, എന്നായിരുന്നു രാഹുലിന്റെ വിരമര്‍ശനം.

മുഖ്യമന്ത്രി പറഞ്ഞത് തമാശയാണെന്നാണ് എം.ബി. രാജേഷ് പറഞ്ഞത്. സമരക്കാരോട് അവരുടെ പാര്‍ട്ടിക്കാര്‍ ചെയ്ത ക്രൂരമായ അതിക്രമത്തെ മുഖ്യമന്ത്രി ന്യായീകരിച്ചതിനെ തമാശപറഞ്ഞതാണെന്ന് പറയുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടാവുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ചയായിരുന്നു കല്യാശ്ശേരി മണ്ഡലത്തില്‍ മഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം.- ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചത്‌. ഡി.വൈ.എഫ്.ഐയുടേത് ജീവന്‍രക്ഷാപ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. അത് മാതൃകാപരമായിരുന്നെന്നും ആ രീതികള്‍ തുടര്‍ന്ന് പോകണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles